ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ട് കുട്ടികളും മരിച്ചത് ഒരു ദിവസമല്ല ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ ശാസ്താംപൂവം ആദിവാസി കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു. 16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുളള അരുൺ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.
പൊലീസ് നിഗമനം ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. തേനെടുക്കാൻ കയറിയപ്പോൾ മരത്തിൽ നിന്ന് വീണതാണ് മരണകാരണം. മൃഗങ്ങൾ ആക്രമിച്ച പാടുകളും ശരീരത്തിലില്ല. തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്.തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ അരുൺകുമാർ മരിച്ചതായും പരിക്കേറ്റ സജി കുട്ടൻ പിന്നീട് മരിച്ചതാകാമെന്നുമാണ് നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്നു നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഊരിലെത്തിച്ച് സംസ്കരിച്ചു.