ഷിരൂരില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുപതിനൊന്നാം ദിവസം; സംസ്ഥാന മന്ത്രിമാർ ഇന്ന് ഷിരൂരിലെത്തും
കർണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യം പതിനൊന്നാം ദിവസമായ ഇന്നും തുടരും.
സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. അർജുന് വേണ്ടിയുള്ള തെരച്ചില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തേക്ക് എടുക്കാൻ തെരച്ചില്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയില്‍ ഇറങ്ങാൻ കഴിയൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.
ഡ്രെഡ്ജർ ഉള്‍പ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്. കനത്ത മഴയാണ് നിലവില്‍ സ്ഥലത്തുള്ളത്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്.