ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; സുരേഷ് ഗോപിയെ വീണ്ടും പ്രശംസിച്ച് എം കെ വർഗീസ്
ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തൃശൂര്‍ മേയർ എം കെ വർഗീസ്. ബിജെപിയുമായി സഹകരിക്കാൻ കഴിയില്ലെന്നും വിവാദങ്ങള്‍ക്കിടെ എം കെ വർഗീസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്.
വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സുരേഷ് ഗോപിക്ക് വികസനത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്‍റെ വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
വികസനരംഗത്ത് രാഷ്ട്രീയമില്ലാതെ മുന്നോട്ടു പോകണം. എല്ലാ കാര്യത്തിലും രാഷ്ട്രീയം കണ്ടാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ കെൽപ്പുണ്ട് മേയർ പറഞ്ഞു.