ഗൂഢാലോചന കുറ്റം: ഗണേശിന്റെ മന്ത്രിമോഹം വീണ്ടും തുലാസില്‍
സോളാര്‍ക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഗണേശ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യത മങ്ങി.
ഇപ്പോഴത്തെ മന്ത്രിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ സി.പി.എമ്മിലെ ഒരുവിഭാഗത്തിന് അനഭിമതനായി മാറിയതിനു പിന്നലെയാണ് പുതിയ സംഭവ വികാസം.
ഉമ്മൻചാണ്ടിയെ ആരോപണ വിധേയനാക്കിയതിന്റെ ഗുണം കിട്ടിയത് ഇടതു മുന്നണിക്കായതിനാല്‍, തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. മന്ത്രിസ്ഥാനം കൊടുത്ത് ആനയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന ആശങ്കയുണ്ട്.
ഘടകകക്ഷികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമെന്ന് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭയ്ക്ക് രണ്ടര വര്‍ഷം തികയുന്ന നവംബറില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കണമെന്നാണ് ധാരണ. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെ.ബി.ഗണേശ് കുമാറും കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ആന്റണി രാജുവിന്റെ ഗതാഗത വകുപ്പ് ഗണേശ്‌കുമാറിനും അഹമ്മദ് ദേവര്‍കോവിലിന്റെ തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കും ലഭിക്കണം. ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ ഗണേശ്കുമാര്‍ ഗതാഗതമന്ത്രി ആയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ കടന്നപ്പള്ളി തുറമുഖ മന്ത്രിയുമായിരുന്നു.
കടന്നപ്പള്ളിക്ക് തടസങ്ങളൊന്നുമില്ല. ഗണേശ്‌കുമാറിന്റെ നില അങ്ങനെയല്ല. കുടുംബത്തിലെ സ്വത്തുകേസിനെ തുടര്‍ന്നായിരുന്നു ആദ്യ ടേമില്‍ പരിഗണിക്കാതിരുന്നത്. ഇപ്പോഴും തര്‍ക്കം തീര്‍ന്നിട്ടില്ല.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷൻ ചെയര്‍മാൻ സ്ഥാനത്തു നിന്ന് കേരള കോണ്‍ഗ്രസ് -ബി പ്രതിനിധി കെ.ജി.പ്രേംജിത്തിനെ മാറ്റുകയും ഗണേശ് കുമാര്‍ പരാതി പറഞ്ഞതോടെ തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. അതുപോലെ, മന്ത്രിസ്ഥാനവും കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസ് ബി നേതൃത്വം പറയുന്നത്.