'കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണം': മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു.
അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്. കൂടാതെ വിമത വിഭാഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.