ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുത്തില്ല; ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു
കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോൺഗ്രസുമുൾപ്പെടെ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിരുന്നു.
ഡി.ഡി. നാഷണൽ ചാനലിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനുപിന്നിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയർന്നത്.
സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നൽകിയിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.