'അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്ഷണിക്കപ്പെട്ടർ' ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും ഗവർണർ ചോദിച്ചു. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോഴാണ് ഗവർണറുടെ പ്രതികരണം.
കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ താൻ ഇനിയും കാറിന് പുറത്തിറങ്ങും. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ഗവർണർ പറഞ്ഞു. അതിനിടെ, ഗവർണർ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് റിമാൻഡിലായതുമായ ചോദ്യത്തിന് ഗവർണർ മാധ്യമങ്ങളോട് പ്രകോപിതനായി. അതൊന്നും തനിക്ക് അറിയേണ്ട കാര്യമില്ല. തനിക്ക് പലസ്ഥലങ്ങളിൽ നിന്നും ലിസ്റ്റ് കിട്ടുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പന്തളം എൻ എസ് എസ് കോളേജിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർ റിമാൻഡിലായിരുന്നു. കേസിൽ ഒന്നാം പ്രതി വിഷ്ണുവും, ഗവർണർ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദൻ എന്നിവരെയാണ് റിമാന്റ് ചെയ്തത്.