കറുത്ത ചുരിദാർ ധരിച്ച് നവ കേരള സദസ് കാണാനെത്തിയ യുവതിയെ തടഞ്ഞ സംഭവം; ഹര്‍ജി ഇന്ന് പരിഗണിക്കും
നവ കേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന്‍റെ പേരില്‍ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി നല്‍കിയത്. അര്‍ച്ചന ഭര്‍ത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്.
കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. തനിക്ക് നേരിട്ട് മാനഹാനിയ്ക്ക് നഷ്ടപരിഹാരം നല്‍കാൻ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂര്‍ സ്വദേശി അര്‍ച്ചന പറഞ്ഞിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മര്‍ദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂര്‍ അനുഭവിച്ചതെന്നും അര്‍ച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അര്‍ച്ചന ഹൈക്കോടതിയെ സമീപിച്ചിച്ചത്.