എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവുമെന്ന് മോഹൻലാൽ; ഇന്നസെന്റിനെ സ്മരിച്ച് സിനിമ ലോകം
കേരളത്തിന്റെയും മലയാള സിനിമയുടേയും ഉള്ളുലച്ച് കൊണ്ട് പ്രിയ കലാകാരൻ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ, മലയാളത്തിന് നഷ്ടമായത് അതുല്യ കാലാകാരനെയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേർന്നത്. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഈ അവസരത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകനെ പറ്റി മോഹൽലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറയുന്നു. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു.
മോഹൽലാൽ
"എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...", എന്നാണ് മോഹൻലാൽ കുറിച്ചത്.
'ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്യമുള്ള ഏറ്റവും ആത്മമിത്രവും സഹോദരനുമാണ് ഇന്നസെന്റ്', എന്ന് മുൻപ് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ബിഗ് സ്ക്രീനിൽ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചുവെങ്കിലും ദേവാസുരത്തിലെ വാര്യർ എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ദേവാസുരത്തില്‍ 'നീലകണ്ഠനാ'യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ 'വാര്യരെ'ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും തിളങ്ങിയിരുന്നു.
ദിലീപ്
"വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും......."
കൊച്ചിയിലെ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മന്ത്രി പി രാജീവാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.
മഞ്ജു വാരിയര്‍
''നന്ദി ഇന്നസന്റ് ചേട്ടാ! നൽകിയ ചിരികൾക്ക്... സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും...''–മഞ്ജു വാരിയറിന്റെ വാക്കുകൾ.
സംവിധായകൻ കമൽ
ഇന്നലെ മുതൽ ആശങ്കയായിരുന്നു. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷ അത്രത്തോളമുണ്ടായിരുന്നു. കാരണം കഴിഞ്ഞ പത്തുവർഷമായി അദ്ദേഹം അതിജീവനം നടത്തുകയായിരുന്നു. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് പലപ്പോഴും അദ്ദേഹത്തോട് അതിശയത്തോടെ ചോദിച്ചിട്ടുണ്ട്. അത്രയധികം പോസിറ്റീവായിട്ടാണ് അദ്ദേഹം ജീവിതത്തെ കണ്ടിട്ടുള്ളത്. കോളേജിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം തീപ്പെട്ടി കമ്പനി തകർന്നു നിൽക്കുന്ന സമയമാണ്. അതിനുശേഷം അദ്ദേഹം നടനും നിർമാതാവുമൊക്കെയായി. തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അഭിനയജീവിതം ലോകത്തിൽ എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്.
അഴകിയ രാവണനിൽ അരിപെറുക്കുന്ന കഥാപാത്രം ഷൂട്ട് ചെയ്യുമ്പോഴൊന്നും ഇത്രമാത്രം ജനങ്ങളെ സ്വാധീനിക്കുമെന്ന് കരുതിയിരുന്നില്ല. പല കഥാപാത്രങ്ങളും അത്തരത്തിൽ കാലത്തെ അതിജീവിക്കുന്നതായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ നർമം കണ്ടെത്തി ജനങ്ങളെ ചിരിപ്പിച്ചിരുന്നു. ഇന്നസെന്റ് ചേട്ടന്റെ പൊതുജീവിതവും അമ്മ എന്ന സംഘടനയെ നയിച്ച പാടവവുമൊക്കെ എടുത്തു പറയേണ്ടതാണ്. വ്യക്തിപരമായും കലാജീവിതത്തിലുമൊക്കെ അത്രമാത്രം ഒരുമിച്ചു പ്രവർത്തിച്ചിരുന്നു.
അദ്ദേഹം തന്റേതായ ശൈലിയിൽ തൃശ്ശൂർ ഭാഷയിൽ ആദ്യമായി സംസാരിച്ചത് അവിടുത്തെ പോലെ ഇവിടെയും എന്ന സിനിമയിലാണ്. സ്ക്രിപ്റ്റിൽ ആകെ രണ്ടുമൂന്നു ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും കമലും കൂടി ഒന്ന് ഇംപ്രവൈസ് ചെയ്തോട്ടെ എന്ന് അദ്ദേഹം സംവിധായകനോട് ചോദിച്ചു. തുടർന്നാണ് ആ ശൈലിയിൽ അഭിനയിച്ചത്.
സംവിധായകൻ ലാൽ
''സൂര്യന് താഴെയുള്ള എന്ത് പ്രശ്നങ്ങളിലും ഇന്നസന്റ് ചേട്ടനോട് ചോദിച്ചുകഴിഞ്ഞാൽ അതിനു നിസ്സാരമായ പോംവഴി അദ്ദേഹം പറഞ്ഞുതരും. ''അത് വലിയ പ്രശ്നമുള്ള കാര്യമല്ല, അത് ഇങ്ങനെ ചെയ്താൽ മതി'' എന്ന് അദ്ദേഹം പറയും. എന്തു ചെറിയ കാര്യമുണ്ടെങ്കിലും അദ്ദേഹം എന്നെ ഫോണിൽ വിളിക്കും. ഇന്നസന്റ് ചേട്ടൻ വളരെ അത്യാസന്ന നിലയിൽ ആണെന്നുള്ള വാർത്തകൾ വരുമ്പോഴും അദ്ദേഹം വിടപറയുമെന്നു ഒരു ശതമാനം പോലും ഞാൻ വിചാരിച്ചിരുന്നില്ല. ഇന്ന് എന്റെ ഒപ്പം നടൻ ബൈജു ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ''ഏയ് അദ്ദേഹം ഇനിയും നമ്മുടെ കൂടെ ഉണ്ടാകും ''എന്നാണ് ഞങ്ങൾ പറഞ്ഞത്.
ഇന്നസന്റ് ചേട്ടൻ അങ്ങനെയൊന്നും വിട്ടുപോകില്ല എന്ന് അത്രയ്ക്ക് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അതൊരു സാധാരണ മനുഷ്യനല്ല. ഇത്രയും ബുദ്ധിയും വിവേകവും തീരുമാനമെടുക്കാനുള്ള ശക്തിയുമുള്ള ഇത്രയും രസികനായ, വലിയ പ്രശ്നങ്ങളെപ്പോലും പുല്ലുപോലെ നിസാരമായിട്ട് കൈകാര്യം ചെയുന്ന മറ്റൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പകരം വയ്ക്കാനാകാത്ത നടനാണ് അദ്ദേഹം. റാംജി റാവു സ്പീക്കിങ് എന്ന ഞങ്ങളുടെ സിനിമയിൽ മത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹമല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയുമായിരുന്നു ഇന്നസന്റ് ചേട്ടൻ. അദ്ദേഹം വിട്ടുപിരിഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്.''– ലാൽ പറഞ്ഞു.
സായികുമാർ
''ഞാൻ ഇല്ലാതെ പോയതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ആദ്യസിനിമയായ 'റാംജി റാവു സ്പീക്കിങ്ങി'ൽ അഭിനയിക്കുമ്പോൾ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ നിന്ന എനിക്ക് മാർഗ നിർദേശം നൽകി കൂടെ നിന്ന ആളാണ് ഇന്നസന്റ് ചേട്ടൻ. അദ്ദേഹവുമായുള്ള ബന്ധം വാക്കുകളിൽ കൂടി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഏതു സമയത്തും എന്ത് വിഷയം വിളിച്ചു ചോദിച്ചാലും അതിനു മറുപടി ഉണ്ടാകും. അദ്ദേഹത്തെപ്പോലെ ഒരാൾ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന അപൂർവ ജന്മമാണ്. എന്റെ എല്ലാമായിരുന്നു അദ്ദേഹം. കരിയറിലോ ജീവിതത്തിലോ എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിളിച്ചു ചോദിച്ചാൽ "നീ ഇങ്ങനെ പോയാൽ മതി" എന്ന് വ്യക്തമായ മറുപടി ഉണ്ടാകും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു കഴിഞ്ഞാൽ നമ്മൾ അത് അനുസരിച്ചുപോകും.
'അമ്മ' സംഘടനയിൽ ഇത്രയും വർഷം പ്രസിഡന്റായിരുന്ന അദ്ദേഹം വേണ്ടുന്നിടത്ത് വേണ്ടുന്നത് മാത്രം സംസാരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു. കപടതയോ അസൂയയോ ഇല്ലാത്ത തെറ്റ് ചൂണ്ടികാട്ടാനുള്ള ആർജവമുള്ള അദ്ദേഹം ഇനിയില്ല എന്നറിയുമ്പോൾ നമ്മുടെ മുന്നിൽ ഒരു ശൂന്യതയാണ്. ആലീസ് ചേച്ചിയും മക്കളും ഇത് എങ്ങനെ ഉൾക്കൊള്ളും എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. ജനിച്ചു കഴിഞ്ഞാൽ മരണത്തിലേക്കുള്ള യാത്രയ്ക്കിടെയുള്ള ചെറിയ ജീവിതത്തിലാണ് നമ്മൾ ഇങ്ങനെ കഷ്ടപ്പെടുന്നത്. മരണം സത്യമാണ് അത് അംഗീകരിച്ചേ മതിയാകൂ, സിനിമ എന്ന മാധ്യമമുള്ളതുകൊണ്ടു ഏതു സമയത്തും അദ്ദേഹത്തെ കാണാം അദ്ദേഹം പറയുന്ന തമാശ കേട്ട് ചിരിക്കാൻ പറ്റും എന്നൊരു സമാധാനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് മനശ്ശാന്തി ഉണ്ടാകട്ടെ അതുപോലെ അദ്ദേഹത്തിന്റെ ആത്മാവ് കർത്താവിന്റെ വലതുഭാഗത്ത് തന്നെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.''– സായ്കുമാർ പറയുന്നു.
വിജയരാഘവൻ
''കുറച്ചു ദിവസമായി ഇന്നസന്റ് സീരിയസായി കിടക്കുകയാണ് എന്ന് അറിഞ്ഞിട്ട്. അന്നുമുതൽ ആ വേദന സഹിക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ എന്റെ ഉള്ളുകൊണ്ടു ഇഷ്ടപ്പെട്ടത് എന്റെ അച്ഛൻ പറയുന്നതുപോലെ ചില ഷാർപ്പായ അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോഴാണ്. വളരെ സരസമായി പ്രശ്നങ്ങളെ നേരിടുന്ന ആളാണ് അദ്ദേഹം. ഇടയ്ക്കിടെ അദ്ദേഹം എന്നെ വിളിക്കാറുണ്ട് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാറുണ്ട്, അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുമുണ്ട്.
എനിക്ക് സിനിമയിൽ ഇത്രയും ആത്മബന്ധമുള്ള നടൻ വേറെ ഇല്ല. എന്റെ അച്ഛനോട് ഇന്നസെന്റിനു വലിയൊരു ഇഷ്ടമുണ്ടായിരുന്നു. ഒരിക്കൽ അച്ഛനുള്ള സമയത്ത് ഇന്നസന്റ് ചേട്ടൻ വീട്ടിൽ വന്നു. അച്ഛന് ഡയറി എഴുതുന്ന സ്വഭാവമുണ്ട്. അന്ന് ഏതോ ഒരു സർക്കസിനെ ബേസ് ചെയ്‌ത് ഷാറുഖ് ഖാൻ അഭിനയിച്ച ഒരു സീരിസ് ഉണ്ടായിരുന്നു ഹിന്ദിയിൽ. ഷാറുഖ് ഖാൻ നല്ലൊരു നടനാണ് എന്ന് അച്ഛൻ ഡയറിയിൽ എഴുതി വച്ചിരുന്നു. അതുപോലെ ഇന്നസന്റ് ചേട്ടനെ പറ്റിയും അച്ഛൻ എഴുതി വച്ചിരുന്നു ''ഇന്നസെന്റിനെ എനിക്ക് വലിയ ഇഷ്ടമാണ് ഇദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമാകും എന്ന് ഉറപ്പാണ്''. ഇന്നസന്റ് ചേട്ടൻ വീട്ടിൽ വന്നപ്പോ അച്ഛൻ ഇത് കാണിച്ചു. അദ്ദേഹം പിന്നീട് എന്നെ കാണുമ്പോൾ പറയും എൻ.എൻ. പിള്ള സർ എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നു എന്ന്, പലരോടും അദ്ദേഹം അത് പറഞ്ഞിട്ടുണ്ടെന്ന്. അന്ന് ഇന്നച്ചൻ സിനിമയിൽ ഒന്നുമില്ലായിരുന്നു. എന്റെ കുടുംബത്തോടും എന്നോടും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.''–വിജയരാഘവൻ പറഞ്ഞു.