വിവേചനങ്ങൾക്ക് എതിരായ പോരാട്ടം തുടരണം ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിയാർ സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കത്ത് നടന്ന സമാപന പരിപാടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു. എം.കെ.സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും തന്തൈ പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
സ്മാരകത്തിൽ നിന്നും പൊതുസമ്മേളന വേദിയിലേക്കുള്ള യാത്രയ്ക്കിടെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ റോഡിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. 200 മീറ്ററോളം സ്റ്റാലിൻ റോഡിലൂടെ നടന്നു.
തമിഴ്നാട്ടിൽ നിന്നും ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ വി വേലു, എംപി സ്വാമിനാഥൻ, വിസികെ അധ്യക്ഷൻ തീരുമാവളവൻ എം പി, കേരള മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം പി, സി കെ ആശ എം എൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ച് നിൽക്കണം: മുഖ്യമന്ത്രി പിണറായി
കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേൽ നിരന്തര കൈകടത്തലുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാഹരണമായി തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
2023 ലെ ഉദ്ഘാടന വേദിയിലെ പ്രഖ്യാപനം
വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.