ജനങ്ങളെ ചേരി തിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു ; രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി
ജനങ്ങളെ ചേരി തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷവോട്ട് ചിന്നിച്ചിതറിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അതിനാണ് സിപിഎം സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്‌നപരിഹാരശ്രമത്തിന് നായകത്വം വഹിച്ചയാളാണ് സാദിഖലി തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നാല് ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് കുറഞ്ഞ് കിട്ടിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യും എന്ന ഒറ്റ കണക്കുകൂട്ടലിലാണ് സിപിഎം ആ പരസ്യം നൽകിയത്. അല്ലെങ്കിൽ മുസ്‌ലിം മാനേജ്‌മെന്റിന്റെ പത്രങ്ങളിൽ മാത്രം അങ്ങനൊരു പരസ്യം കൊടുക്കേണ്ട കാര്യമുണ്ടോ? അതും വർഗീയപരാമർശമുള്ള പരസ്യം. ആ കൊള്ളരുതാത്ത പരസ്യം ഒരു ഗുണവും ഉണ്ടാക്കില്ല. അതുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് അവർ പറഞ്ഞുകഴിഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വോട്ട് ഒന്ന് ചിതറിക്കിട്ടിയാൽ അവിടെ ബിജെപിക്ക് ഗുണമാണ്. അതറിയാത്തവർ ഒന്നുമല്ലല്ലോ ഇടതുപക്ഷക്കാർ. അതേ ലക്ഷ്യത്തോടെയാണ് ഇപ്പോൾ സാദിഖലി തങ്ങളെ പറ്റി പറയുന്നതും. ജനങ്ങളെ വിഭജിപ്പിക്കാൻ വേണ്ടി പറയുന്നതാണത്. സാദിഖലി തങ്ങൾ ആരാ? സമൂഹത്തിൽ ഒരു തരത്തിലും ഒരു ഭിന്നത വരരുത് എന്നാഗ്രഹിക്കുന്ന ഒരു നേതാവാണ്. മുനമ്പത്ത് പ്രശ്‌നപരിഹാരത്തിനായി അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. തങ്ങളുടെ ആ ശ്രമം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
സാമുദായിക സൗഹാർദത്തിന് വേണ്ടി എന്നും പ്രവർത്തിച്ചിട്ടുള്ളയാളാണ് സാദിഖലി തങ്ങൾ. മുനമ്പം പ്രശ്‌നപരിഹാര ശ്രമത്തിലൂടെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ അദ്ദേഹം സുസ്‌മേരവദനനായാണ് നേരിടുന്നത്.
ജമാഅത്തെ ഇസ്‌ലാമിക്കൊപ്പം ഇടതുപക്ഷം മത്സരിച്ചിട്ടില്ലേ. അവർക്കൊപ്പം തന്നെ ആയിരുന്നു ഇടതുപക്ഷം. ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന്റെ ഘടകകക്ഷിയൊന്നുമല്ല". കുഞ്ഞാലിക്കുട്ടി പറഞ്ഞു.