കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയിലേക്ക്
മാധ്യമപ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം അപ്പീൽ നൽകിയത്. നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് വാദം. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ല. ഇത് സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്.