കുട്ടിയെ ചവിട്ടിയ കേസ്; പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിയ കേസിലെ പ്രതിയായ പൊന്ന്യം സ്വദേശി മുഹമ്മദ് ശിഹ്ഷാദി(20)നെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടിയെടുത്തത്. പ്രതി നടത്തിയത് നരഹത്യാശ്രമമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. കണ്ണൂർ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു. കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. ആവശ്യമെങ്കിൽ കുട്ടിക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കാനും പറഞ്ഞു.