Begin typing your search...

താനൂർ കസ്റ്റഡി മരണം; കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി, അർഹിച്ച ശിക്ഷ ഉറപ്പാക്കും

താനൂർ കസ്റ്റഡി മരണം; കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി, അർഹിച്ച ശിക്ഷ ഉറപ്പാക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിയെന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിന് ആരേയും തല്ലിക്കൊല്ലാനുള്ള അധികാരം ഇല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. താമിർ ജിഫ്രിയുടെ മൃതദേഹം ഇൻക്വസ്റ്റും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയും പൂർത്തിയാക്കിയാണ് ബന്ധുക്കൾക്ക് നൽകിയത്. സംഭവത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സിബിഐയെ ഏൽപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കസ്റ്റഡി മരണമല്ല, കസ്റ്റഡി കൊലപാതകമാണെന്നായിരുന്നു എൻ ഷംസുദ്ദീൻ എംഎൽഎയുടെ വിമർശനം. പാലത്തിന് അടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്നും കുഴഞ്ഞ് വീണ് മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത് ക്വാർട്ടേഴ്സിൽ നിന്നാണ്. ഇതിന് ദൃക്‌സാക്ഷികളുണ്ട്. മലപ്പുറം എസ്പിയും സംഘവും നേരത്തെ തിരക്കഥ തയ്യാറാക്കി. പുലർച്ചെ 4.25 ന് മരിച്ചയാളെ ഒന്നാം പ്രതിയാക്കി രാവിലെ 7.30 നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 21 മുറിവുണ്ടെന്ന് പറയുന്നു. പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹത്തോട് പോലും അനാദരവ് കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുറ്റം ചെയ്ത ആരും രക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അതിക്രമം തുടർ കഥയാകുന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരിൽ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കി. വ്യത്യസ്തമായ പൊലീസ് സർവ്വീസാണ് കേരളത്തിൽ. കൊള്ളരുതായ്മ കാണിച്ചവരെ സർവ്വീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016 ന് ശേഷം പൊലീസ് ക്രൂരതകൾ അത്ര വലുതായി ഇല്ല. അതിന് മുൻപത്തെ പൊലീസ് കുറ്റകൃത്യങ്ങളോട് എന്തായിരുന്നു നടപടി? യുഡിഎഫ് സർക്കാരിൻറെ കാലയളവിൽ 13 കസ്റ്റഡി മരണം ഉണ്ടായി. അഞ്ചു കേസുകളിൽ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചില്ല. ഒരു കേസിൽ ശാസനയായിരുന്നു ശിക്ഷയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാം ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേരളത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ എണ്ണാൻ കൗണ്ടിംഗ് മെഷീൻ വയ്ക്കേണ്ട അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു

WEB DESK
Next Story
Share it