താനൂർ കസ്റ്റഡി കൊലപാതകം ; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സിബിഐ കസ്റ്റഡിയിൽ
താനൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
മലപ്പുറം എസ്പിയുടെ ഡാൻസാഫ് ടീമംഗങ്ങളായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനേഷ്, സിപിഒമാരായ ആൽബിൻ അഗസ്റ്റിൻ, അഭിമന്യൂ, വിപിൻ എന്നിവരെ നേരത്തേ സിബിഐ സംഘം വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ പ്രതികളുടെ തിരിച്ചറിയിൽ പരേഡ് നടത്തുകയും കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയുമായിരുന്നു. തുടർന്നാണിപ്പോൾ നാല് പ്രതികളെയും സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ക്രൈംബ്രാഞ്ചിനായിരുന്നു തുടക്കത്തിൽ കേസിന്റെ അന്വേഷണ ചുമതല. കേസിൽ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും പ്രതികളിലാരെയും അറസ്റ്റ് ചെയ്തിരുന്നില്ല. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. താമിർ ജിഫ്രിയെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചു എന്ന സാക്ഷി മൊഴികളും യുവാവിന്റെ ദേഹത്തുള്ള 21 മുറിപ്പാടുകളും കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം.