ദേശീയഗാനത്തിന് പകരം 'തമിഴ് തായ് വാഴ്ത്ത്'; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ഗവർണർ
നിയമസഭയിൽ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ എൻ രവി. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു.
ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.
'ഇന്ന് തമിഴ്നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്'- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
അതേ സമയം ഗവർണർ ഇറങ്ങിപ്പോയതിന് ശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിയമസഭാ സ്പീക്കർ എം അപ്പാവു തമിഴിൽ വായിച്ചു. രാജ്ഭവനും തമിഴ്നാട് സർക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രംഗങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2022 ൽ 'ദ്രാവിഡ മോഡൽ' എന്ന പദപ്രയോഗത്തിന് പുറമെ ബിആർ അംബേദ്കർ, പെരിയാർ, സിഎൻ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങളും തമിഴ്നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ എൻ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.