അർജുനായുള്ള തിരച്ചിലിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ല?, കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി
കർണാടകയിലെ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടൽക്ഷോപമോ വരുമ്പോൾ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തിൽ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം കാട്ടിയിട്ടുണ്ടെങ്കിൽ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തൽ ഉണ്ടാകണം', സുരേഷ് ഗോപി പറഞ്ഞു.