'മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് അജണ്ടയിലേ ഇല്ല'; പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്ന് സുരേഷ് ഗോപി
കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
'പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ രാജി വയ്ക്കുന്നത് അജണ്ടയിലേ ഇല്ല ', സുരേഷ് ഗോപി പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ തന്നെ പരാമർശിക്കാറുണ്ട് സഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന്. അതിൽ അതൃപ്തിയുണ്ടെങ്കിൽ സത്യപ്രതിജ്ഞയ്ക്ക് പോകാതിരിക്കേണ്ടതാണ്. അത്തരത്തിലാണ് എൻസിപി നേതാക്കളായ അജിത് പവാറും, പ്രഫുൽ പട്ടേലും ചെയ്തത്. എന്നാൽ, ഏത് വകുപ്പ് ലഭിക്കും എന്ന കാര്യത്തിൽ പിന്നീടേ അറിയാൻ സാധിക്കുകയുള്ളു. തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയെന്നാണ് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്.