കോൺഗ്രസുകാരെ കെ.കെ.രമ തിരിച്ചറിയണം: കെ.സുരേന്ദ്രൻ
ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ടി.പി. വധക്കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
യുഡിഎഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെ.കെ. രമ തിരിച്ചറിയണം. സർക്കാരിന്റെ നീക്കം മനുഷ്യത്വ വിരുദ്ധമാണ്. കേരള സമൂഹത്തിന് ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകനായ രഞ്ജിത്ത് വധക്കേസിലെ പ്രതിയെ വനിതാശിശുക്ഷേമ വകുപ്പിൽ നിയമിക്കാനുള്ള കത്ത് സിപിഎം ജില്ലാ കമ്മിറ്റി നൽകിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനായി സിപിഎം വീണ്ടും അക്രമരാഷ്ട്രീയത്തിലേക്ക് തിരിയുകയാണ്. പയ്യന്നൂരിൽ ബിജെപി ബൂത്ത് കമ്മിറ്റി അക്രമിച്ച സംഭവം ഇതിന്റെ ഉദാഹരണമാണ്. സർക്കാരിന്റെ ഇത്തരം സമീപനത്തിനെതിരെ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.