നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്തെന്ന് സുപ്രീം കോടതി
കേരള ഹൈക്കോടതിയുടെ ചട്ടവിരുദ്ധമായ നടപടിക്രമങ്ങളിലൂടെ നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാത്പര്യം കണക്കിലെടുത്താണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ആറ് വര്‍ഷത്തോളം സര്‍വീസിലിരുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നിഷേധിക്കുന്നത് പൊതുതാത്പര്യത്തിന് എതിരാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017 -ലെ ജില്ലാ ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി പിന്തുടര്‍ന്ന നടപടിക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന വിധിയിലാണ് നിയമനം ലഭിച്ചവരെ പുറത്താക്കാത്തതിന്റെ കാരണം ഭരണഘടന ബെഞ്ച് വിശദീകരിച്ചിരിക്കുന്നത്. നിയമനം ലഭിച്ചവരുടെ ന്യായാനുസൃതമായ പ്രതീക്ഷയും പിരിച്ചുവിടാതിരിക്കാനുള്ള കാരണമായി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് സുപ്രധാനമായ വിധി എഴുതിയത്. 2023 ജൂലൈ 12 -ന് തുറന്ന കോടതിയില്‍ വിധി പ്രസ്താവം നടത്തിയെങ്കിലും വിധിയുടെ പൂര്‍ണ്ണരൂപം ഇന്ന് പുലര്‍ച്ചെയാണ് സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തത്. 37 പേജ് ദൈര്‍ഘ്യമുള്ള വിധിയിലാണ് നിയമനം ലഭിച്ചവരെ പിരിച്ചുവിടാത്തതിന്റെ കാരണവും ഹര്‍ജിക്കാര്‍ക്ക് നിയമനം നല്‍കാത്തതിന്റെ കാരണവും വിശദീകരിച്ചിരിക്കുന്നത്.
2017 -ലെ ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് ആദ്യം പുറത്തിറക്കിയ സ്‌കീം പ്രകാരം എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റേയും മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനവും പട്ടികജാതി -പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 40 ശതമാനവുമായിരുന്നു എഴുത്ത് പരീക്ഷയ്ക്ക് ഉണ്ടായിരുന്ന കട്ട് ഓഫ് മാര്‍ക്ക്. ഇന്റര്‍വ്യൂവിന് കട്ട് ഓഫ് മാര്‍ക്ക് ഇല്ലെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ ശേഷം ഈ സ്‌കീമില്‍ മാറ്റംവരുത്തി. ഇന്റര്‍വ്യൂവിന് കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള മാറ്റമാണ് വരുത്തിയത്. ഹൈക്കോടതിയുടെ ഈ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവും 1961 -ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്‌കീമില്‍ മാറ്റംവരുത്തിയിരുന്നില്ലെങ്കില്‍ നിയമനം ലഭിച്ച മൂന്ന് പേരേക്കാള്‍ ഉയര്‍ന്ന റാങ്ക് തങ്ങള്‍ക്ക് ലഭിക്കുമായിരുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിയമനം ലഭിച്ചവര്‍ അതിന് യോഗ്യരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം ലഭിക്കാത്തവര്‍ക്ക് ഭാവിയില്‍ ജുഡീഷ്യല്‍ സര്‍വീസിലോ മറ്റ് ഏതെങ്കിലും സര്‍വീസിലോ നിയമനം ലഭിക്കുന്നതിന് ഒരു തടസ്സവും ഇല്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.