ഇനിമുതൽ മധ്യവേനൽ അവധി ഏപ്രിൽ 6 മുതൽ; മന്ത്രി വി.ശിവൻകുട്ടി
സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ഒന്നിന് പകരം ഏപ്രിൽ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂൺ ഒന്നിനുതന്നെ സ്‌കൂൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവിൽ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ചിറയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.പി,യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. അഞ്ച് ലക്ഷത്തോളം വരുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളും സ്‌കൂളിലെത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 6,841 സ്‌കൂളുകളും 3,009 യുപി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർസെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണുള്ളത്. 13,964 ആണ് സർക്കാർ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കി. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.