എംഎൽഎയെ അധിക്ഷേപിച്ചെന്ന കേസ്; സാബു എം ജേക്കബ് ഹൈക്കോടതിയിൽ
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയിൽ. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ല എന്നാണ് ഹർജിയിൽ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.
ചിങ്ങമൊന്നിന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്നും ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. എംഎൽഎയുമായി വർഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്നും ഈ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹർജിയിൽ ആരോപിക്കുന്നു. ശ്രീനിജന്റെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അദ്ധ്യക്ഷ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് പുത്തൻകുരിശ് പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡൻറിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡൻറും മൂന്ന് മെമ്പർമാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.