Begin typing your search...

മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്‍റെ വില കളയരുത്: വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് സതീശൻ

മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്‍റെ വില കളയരുത്: വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡോ. എം കെ മുനീർ നടത്തിയ സത്യഗ്രഹം പ്രകടനം മാത്രമാണെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അങ്ങേയറ്റം നിലവാരമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. നിരുത്തരവാദപരവും അപഹാസ്യവുമായ പ്രതികരണമാണ് വി ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ശേഷവും മലബാറിലെ സിറ്റ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോ . എം.കെ മുനീർ സത്യഗ്രഹ സമരം തുടങ്ങിയത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാനും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ ഇടപെട്ട് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് കുറവുള്ള നിയോജക മണ്ഡലത്തിലെ എംഎൽഎമാരുടെ നിർദ്ദേശം പരിഗണിക്കുമെന്നും സ്കൂളുകളിലെ സൗകര്യം അനുസരിച്ച് ആവശ്യമായ കോഴ്സുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

മന്ത്രി നൽകിയ ഉറപ്പ് സമരരംഗത്തുള്ള എം കെ മുനീറിനെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ അറിയിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഡോ. മുനീർ സമരം അവസാനിപ്പിച്ചത്. മന്ത്രി തന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചതിന് ശേഷം സമര രംഗത്തുണ്ടായിരുന്നവരെ അപമാനിക്കുന്നത് മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. പൊതു വിദ്യാഭ്യാസ മന്തിയും പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷം അക്കാര്യം പുറത്തു വന്ന് മാറ്റി പറയുന്നത് മന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കും.

പ്ലസ് വൺ സീറ്റുകളുടെ കുറവ് സംബന്ധിച്ച് എം കെ മുനീർ ഒരു നിവേദനം പോലും നൽകിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. അധിക ബാച്ചുകൾ അനുവദിക്കണമെന്ന കത്ത് ഈ മാസം നാലാം തീയതി മുനീർ പൊതു വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ തെറ്റിദ്ധാരണ ജനകമായ പ്രസ്താവന നടത്തിയ മന്ത്രി ഇരിക്കുന്ന സ്ഥാനത്തിൻ്റെ വില കളയരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

WEB DESK
Next Story
Share it