മിത്ത് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിന്മേല്‍ തനിക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാനില്ല: സീതാറാം യെച്ചൂരി
മിത്ത് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തിന്മേല്‍ തനിക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വിവാദമെന്തെന്നതില്‍ തനിക്ക് വിശദമായി ധാരണയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ എച്ച്.കെ.എസ് ഭവനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിഷയം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചചെയ്താല്‍ മതിയെന്നാണ് പാര്‍ട്ടി നിലപാട് എന്നാണ് വിവരം. ഇതിനിടയിലാണ് കേന്ദ്ര കമ്മിറ്റിയുടെ അവസാന ദിനത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് തൃപ്തികരമെന്ന നിലയിലായിരുന്നു സീതാറാം യച്ചൂരി പ്രതികരിച്ചത്.
അതേസമയം മിത്ത് വിവാദത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് എൻ എസ് എസ് അറിയിച്ചിരുന്നു. പെരുന്നയിലെ ആസ്ഥാനത്ത് ഇന്ന് ചേര്‍ന്ന അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടൻ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനുവേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.