സിദ്ദീഖ് ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി
മലയാളത്തിലെ ഹിറ്റ് മേക്കര്‍ക്ക് വിടനല്‍കി കലാകേരളം. സിദ്ദീഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ഖബറടക്കം നടന്നത്. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി.വിലാപയാത്രയായാണ് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് മൃതശരീരരം എത്തിച്ചത്.
തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ 'ഗോഡ്ഫാദർ' ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടിൽ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്കെത്തി. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാൽ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാർ, ജഗദീഷ്, കമൽ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി.