സിദ്ധാർത്ഥിന്റെ മരണം; അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വിസി
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ വീഴ്ച പരിശോധിക്കാൻ സർവകലാശാല നാലംഗ സമിതിയെ നിയോഗിച്ചു. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവരുടെ വീഴചയാണ് വൈസ് ചാൻസിലർ നിയോഗിച്ച സമിതി പരിശോധിക്കുക. അതിനിടെ, കോളജിനു മുന്നിൽ കഴിഞ്ഞ ദിവസം നടന്ന മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സമരക്കാർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസടുത്തു.
കോളജ് ഡീൻ എം.കെ നാരായണനെയും അസിസ്റ്റൻറ് വാർഡൻ ആർ. കാന്തനാഥനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച വി സിയുടെ നടപടി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നാണ് സമിതി പരിശോധിക്കുക. അതിനിടെ, കഴിഞ്ഞദിവസം കോളജിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നടപടികൾ കടുപ്പിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പി.ഡി.പി.പി ആക്ട് അടക്കം ചുമത്തി പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേർക്കെതിരെ കേസെടുത്തതിൽ 47 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളത്. സമരത്തിനിടെ 65,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചന്നാണ് എഫ്.ഐ.ആർ. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.