ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവം; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. എസ് ഐ ഹാഷിം റഹ്‌മാനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ് ഐയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാവിലെ 9.30 യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിന്റെ ചേംബറിൽ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊലീസ് സേന വിലയിരുത്തിയത്.