'അത് എൻറെ കത്തും കയ്യക്ഷരവും ഒപ്പും തന്നെ'; മറുപടിയുമായി ഷാഫി
അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിനായി ശുപാർശ കത്തെഴുതിയെന്ന സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിൽ രംഗത്ത്. അത് തൻറെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞ ഷാഫി പക്ഷേ മേയറുടെ കത്ത് പോലെയുള്ള നിയമന ശുപാർശയല്ല താൻ നൽകിയതെന്നും വിശദീകരിച്ചു.
സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അതാത് സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്. ഒരു സർക്കാരിന്റെ വക്കീൽ ആരായിരിക്കണം എന്നത് ഒരു പോളിസി മാറ്റർ ആണെന്നും അത് സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടതും എന്ന് സുപ്രീം കോടതി വിധിയുമുണ്ടെന്നും അതിന് അനുസൃതമായാണ് താൻ കത്തെയുതിയെന്നും ഷാഫി വ്യക്തമാക്കി.
ഷാഫി പറമ്പിലിൻറെ കുറിപ്പ്
ഷാഫി കത്തെഴുതി എന്ന് കേട്ടു..
അതെ,അത് എന്റെ കത്തും കയ്യക്ഷരവും ഒപ്പും തന്നെയാണ്.295 പേർക്ക് തൊഴിൽ കൊടുക്കേണ്ട നിയമനാധികാരം ഉള്ളയാൾ അത് സുതാര്യമായി ചെയ്യുന്നതിന് പകരം ആനാവൂർ നാഗപ്പന്റെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് കത്തയച്ച് ലിസ്റ്റ് ഉണ്ടാക്കി തരാൻ പറഞ്ഞത് കയ്യോടെ പിടിക്കപ്പെട്ടപ്പോ സ്വന്തം കത്ത് മറന്ന് പോയവരുടെ രോഗം എന്നെ ബാധിച്ചിട്ടില്ല.
വർമ്മ സാറേ ചില വ്യത്യാസങ്ങൾ ഉണ്ട്.
എല്ലാ കാലത്തും സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള അഭിഭാഷകരെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അതാത് സർക്കാരുകൾ നിയമിക്കുകയാണ് ചെയ്യാറുള്ളത്.ഒരു സർക്കാരിന്റെ വക്കീൽ ആരായിരിക്കണം എന്നത് ഒരു പോളിസി മാറ്റർ ആണെന്നും അത് സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടതും എന്ന് സുപ്രീം കോടതി വിധിയുമുണ്ട്. (KJ ജോൺ v/s സ്റ്റേറ്റ് ഓഫ് കേരള). അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറെ പി എസ് സി ലിസ്റ്റിൽ നിന്ന് എടുക്കുന്നത് ഒഴിച്ച് നിർത്തിയാൽ അഡ്വ ജനറലും പബ്ലിക്ക് പ്രോസിക്യൂട്ടറും സ്പെഷ്യൽ പ്രോസിക്യൂട്ടറുമൊക്കെ സർക്കാർ നോമിനികൾ ആയിരിക്കും.
അതല്ലാതെ അതിനൊരു ഉദ്യോഗാർത്ഥി ലിസ്റ്റില്ല.അതിനൊരു ടെസ്റ്റോ ഇന്റർവ്യൂവോ ഇല്ല.
സർക്കാർ നയം പിന്തുടരുന്ന യോഗ്യതയുള്ള ഒരാളെ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി പരിഗണിക്കണമെന്ന (സർക്കാർ പരിഗണിച്ചിട്ടില്ലാത്ത)ശുപാർശയെ ആര്യാ രാജേന്ദ്രന്റെ കത്തിന്റെ കൗണ്ടർ ആയി കൊണ്ട് നടക്കുന്നവർ ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലും ഇരിക്കുന്ന അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എങ്ങിനെ നിയമിതരായി എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.(പാലക്കാട് :5 സിപിഎം,1 സിപിഐ,1 ജനതാദൾ)
പിൻവാതിൽ നിയമനം സിപിഎമ്മിന്റെ നിയമന എക്കോസിസ്റ്റമാണ്.
മേയർക്കും സർക്കാരിന്റെ തൊഴിൽ നിഷേധത്തിനുമെതിരെ പൊരുതുന്ന യൂത്ത് കോൺഗ്രസ്സ് പോരാളികൾക്ക് സമരാഭിവാദ്യങ്ങൾ.
ഇന്ന് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് മാർച്ച് യുവജന പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലായി. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.ടിയർ ഗ്യാസിനും ലാത്തിചാർജ്ജിനും ജലപീരങ്കിക്കും ഈ സമരാവേശത്തെ കെടുത്താൻ പറ്റില്ല.