തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം, ചുംബിക്കാൻ ശ്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് വിട്ട് വിദേശ വ്ളോഗർമാർ
തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി വ്ളോഗർമാർ രംഗത്ത്. വിദേശ വ്ളോഗർമാരായ യുവാവും യുവതിയുമാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. തൃശൂർപൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്ളോഗ് ചെയ്യുകയായിരുന്ന യുവതിയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഇയാൾ തന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്ന് യുവാവ് ആരോപിച്ചു. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
വിദേശ വനിതയെ കടന്നു പിടിച്ചത് പാലക്കാട് സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്ളോഗറായ വിദേശ വനിത തൃശൂർ പൂരത്തിൻറെ പ്രതികരണം ആളുകളിൽ നിന്നും തേടുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടമാണ് കേരളമെന്ന തരത്തിൽ നേരത്തെ വീഡിയോ ഉൾപ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.