അഞ്ച് മിനിറ്റ് വൈകി; കുട്ടികളെ നടുറോഡില്‍ നിര്‍ത്തി ഗേറ്റ് പൂട്ടി സ്‌കൂള്‍ അധികൃതര്‍
അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ കൂട്ടത്തോടെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്. ഒരുമണിക്കൂറിലധികം നേരം 25 വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളിനുള്ളിലേക്ക് കയറ്റാതെ റോഡില്‍ നിര്‍ത്തിയത്. സംഭവം വിവാദമായാതോടെ കുട്ടികളെ സ്‌കൂളില്‍ കയറ്റി.
വൈകിവരുന്നവരുടെ പേര് രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ തിരികെ കയറ്റിയത്. കുട്ടികള്‍ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളില്‍ ബെല്‍ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് അവകാശപ്പെട്ടു.ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അക്കാരണത്താലാണ് സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിന്‍സിപ്പല്‍ പറയുന്നത്.