'സേവ് മണിപ്പൂര്‍'; മണ്ഡലാടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്
മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. 'സേവ് മണിപ്പൂര്‍' എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു.സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ച എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചേരാനും 24 ന് മണ്ഡലം കമ്മിറ്റി ചേരാനും തീരുമാനമായി. ലോകത്തിന്റെ മുന്നില്‍ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് മണിപ്പൂർ കലാപത്തിന്‍റെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ചൂണ്ടികാട്ടി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവംബർ 1 മുതൽ 7 വരെ 'കേരളീയം' പ്രചാരണ പരിപാടി സംഘടിപ്പിക്കാനും ഇടത് മുന്നണിയിൽ തീരുമാനമായതായി കൺവീനർ അറിയിച്ചു.