Begin typing your search...

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സതീശൻ

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമുണ്ടോയെന്ന് സതീശൻ വെല്ലുവിളിച്ചു. പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോയെന്നും, അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

''കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായി ഒരു പരാതിക്കാരന്റെ പഴയകാലത്തെ മൊഴിയനുസരിച്ച് വീണ്ടും കേസെടുത്ത് മുന്നോട്ടു പോവുകയാണ്. ഇത് ആരോപണങ്ങളുടെ ശരമേറ്റ് പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാർ അതിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മനഃപൂർവം ഉണ്ടാക്കുന്ന കള്ളക്കേസുകളാണ്. അതെല്ലാം അന്വേഷിച്ചോട്ടെ. ഞങ്ങൾക്ക് വിരോധമില്ല.'

''പക്ഷേ അതു മാത്രം അന്വേഷിച്ചാൽ പോരല്ലോ. കഴിഞ്ഞ ദിവസം ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി.ശക്തിധരൻ ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കൊച്ചി കലൂരിലുള്ള ദേശാഭിമാനി ഓഫിസിൽ വിവിധ ആളുകളിൽ നിന്നായി ശേഖരിച്ച പണം ഒരു കൈതോലയിൽ കെട്ടി കാറിൽ കയറ്റി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി എന്നാണ് ആരോപണം.'

''നിസാര തുകയല്ല കൈതോലയിൽ കെട്ടി കൊണ്ടുപോയത്. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. ശക്തിധരൻ പറഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് എഫ്ഐആർ ഇട്ട് അന്വേഷണം നടത്താനും, അത് അന്വേഷണം നടത്തുമ്പോൾ ആഭ്യന്തര മന്ത്രിയുടെ പദവിയിൽനിന്ന് മാറിനിൽക്കാനും മുഖ്യമന്ത്രി തയാറുണ്ടോ എന്നാണ് ഞങ്ങളുടെ ചോദ്യം. ഇരട്ടനീതി പാടില്ല.' – സതീശൻ ചൂണ്ടിക്കാട്ടി.

''എവിടെനിന്നാണ്, ആരിൽനിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ? പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ? തിരുവനന്തപുരം മുതൽ അമേരിക്കയിലെ ടൈം സ്ക്വയർ വരെ അറിയപ്പെടുന്ന ആളെക്കുറിച്ചാണ് ഗുരുതരമായ ഈ ആരോപണം. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ എടുത്ത് അന്വേഷണം നടത്താനും അന്വേഷണം നടത്തുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പദവിയിൽ നിന്ന് മാറി നിൽക്കാനും മുഖ്യമന്ത്രി തയ്യാറുണ്ടോ?' – സതീശൻ ചോദിച്ചു.

''സുധാകരൻ പുറത്താക്കിയ ഡ്രൈവറുടെ മൊഴി അനുസരിച്ച് സുധാകരനെതിരായി കേസെടുക്കുമ്പോൾ, കൂടെ ഉണ്ടായിരുന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ആൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞു പോകുന്നത് ശരിയാണോ?' –. സതീശൻ ചോദിച്ചു.

ഉന്നതൻ ഭീമമായ തുക കൈക്കൂലി വാങ്ങി പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി എടുക്കണമെന്നും ബെന്നി ബഹനാൻ എംപിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പൊലീസിനെ സമീപിക്കുമെന്നു വ്യക്തമാക്കിയ ബെന്നി ബഹനാൻ, ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ശക്തിധരന്റെ വെളിപ്പെടുത്തൽ

പേരു വെളിപ്പെടുത്തിയില്ലെങ്കിലും സിപിഎം ഉന്നതനേതാവിനെ ലക്ഷ്യമിട്ടാണ് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമർശനം ഉന്നയിക്കുന്ന ശക്തിധരൻ ഫെയ്സ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിച്ചത്. സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരൻ.

തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരൻ ആക്ഷേപം ഉന്നയിച്ചത്.

'കലൂരിലെ ദേശാഭിമാനി ഓഫിസിൽ 2 ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു'.

കോവളത്തു നടന്ന പണം കൈമാറ്റത്തെക്കുറിച്ചുള്ള ആക്ഷേപവും താൻ പണി തുടങ്ങുകയാണെന്ന മുന്നറിയിപ്പും ശക്തിധരന്റെ കുറിപ്പിലുണ്ട്.

WEB DESK
Next Story
Share it