വിഴിഞ്ഞം സമരത്തിൽ അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുതിരാത്തത്: വി.ഡി സതീശന്‍
വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് പോയാൽ സമരത്തിന്‍റെ രൂപം മാറുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണ്. അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്നും സതീശന്‍ പരിഹസിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷം നടന്നിരുന്നു. വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഫോട്ടോഗ്രാഫറെ സംഘര്‍ഷത്തിനിടയിൽ നിന്ന് പുറത്തെത്തിക്കാനായത്.
ഇതിനിടെ സംഘര്‍ഷ ദൃശ്യങ്ങൾ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും വ്യാപക കയ്യേറ്റമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ ക്യാമറാമാന്മാരെ കയ്യേറ്റം ചെയ്തു. മീഡിയവൺ ക്യാമറ തകര്‍ത്തു. കൈരളി ന്യൂസ് സംഘത്തെ ഭീഷണിപ്പെടുത്തി. ട്വന്‍റി ഫോര്‍ ചാനൽ ഡ്രൈവറിന് നേരെ കല്ലേറുണ്ടായി. ഏറെ നേരത്തിന് ശേഷമാണ് സംഘര്‍ഷം അയഞ്ഞത്.