Begin typing your search...

'നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു': പരിഹസിച്ച് സതീശൻ

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു: പരിഹസിച്ച് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ്രഹ്മപുരം വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 'നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10–ാം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നം ഇല്ലെന്നു പറഞ്ഞത്?–വി.ഡി.സതീശൻ ചോദിച്ചു.

ബ്രഹ്മപുരത്ത് മാലിന്യ നീക്കത്തിന് കരാർ എടുത്ത കമ്പനി പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും, തീപിടിപ്പിച്ച കമ്പനിയെ തദ്ദേശമന്ത്രി ന്യായീകരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞതോടെ ഭരണപക്ഷം ബഹളമുണ്ടാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

ബ്രഹ്മപുരത്ത് തീ ഇപ്പോഴും അണഞ്ഞിട്ടില്ലെന്നും 12 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് കത്തുന്ന പുകയാണ് അന്തരീക്ഷത്തിൽ നിറയുന്നത്. സാധാരണ പുകയല്ല വിഷപ്പുകയാണ് നിറയുന്നത്. പുകയിലൂടെ കാൻസർ അടക്കമുള്ള ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകും. വിയറ്റ്നാമിലെ കാട്ടിലൊളിച്ച വിയറ്റ്നാം പട്ടാളക്കാരെ കണ്ടെത്താൻ കാട്ടിലെ ഇലകൾ കൊഴിക്കാൻ അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന രാവസ്തു വിതറി. മൂന്ന് തലമുറ കഴിഞ്ഞിട്ടും വിയറ്റ്നാമിലെ ജനങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. അതിലുള്ള വിഷമാണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുമുള്ളത്.

തീ കത്തിയ രണ്ടാം തീയതിയിലെ അതേ ആക്‌ഷൻ പ്ലാനാണ് സർക്കാരിന് ഇന്നുമുള്ളത്. വായുവും വെള്ളവും മുഴുവനും മലിനമായി. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ അടിച്ച വെള്ളം ഒഴുകിവരുന്ന കടമ്പ്രയാറും മലിനമായി. മുഖ്യമന്ത്രിയുടെ വകുപ്പാണ് പരിസ്ഥിതി. പരിസ്ഥിതി മലിനമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഏതെങ്കിലും വിദഗ്ധ ഏജൻസിയെകൊണ്ട് അന്വേഷിപ്പിച്ചില്ല. വിഷപ്പുക എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയത്. ഗുരുതരമായ പ്രശ്നമായിട്ടും സർക്കാർ ലഘുവായി കണ്ടു.

എറണാകുളത്ത് രണ്ട് ഓക്സിജൻ പാർലർ തുടങ്ങിയാൽ സർക്കാരിന്റെ ജോലി തീരില്ല. മാലിന്യം കത്തിക്കോട്ടെ എന്നാണ് സർക്കാർ ചിന്തിച്ചത്. മുഴുവൻ കത്തി തീർന്നാലേ കരാറുകാരനെ സഹായിക്കാൻ കഴിയൂ. എറണാകുളത്തെ ജനങ്ങൾക്ക് അനാഥത്വം അനുഭവപ്പെട്ടു. തീ പിടിച്ചപ്പോൾ എല്ലാവരും കൈ കഴുകി മാറി നിന്നു. കൊച്ചി വിട്ടുപോകാനാണ് ജനങ്ങളോട് ആരോഗ്യവിദഗ്ധർ പറയുന്നത്. ലെഗസി വേസ്റ്റ് (പഴയ കെട്ടി കിടക്കുന്ന വേസ്റ്റ് ) നീക്കം ചെയ്യാൻ 2020ൽ സർക്കാർ ഉത്തരവിറങ്ങി. മൂന്നു കൊല്ലമായിട്ടും ഒരു നടപടിയും ഉണ്ടായില്ല. തീപിടിത്തത്തെക്കുറിച്ച് ഒരു അന്വേഷണത്തിനും സർക്കാർ തയാറല്ല. 12 ദിവസമായിട്ടും ഒരു പ്രാഥമിക റിപ്പോർട്ട് പോലും സമർപിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.

Elizabeth
Next Story
Share it