വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് മാറ്റിവച്ച് തിരുവല്ല കോടതി
മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം.
മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധമായതൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് മന്ത്രിസഭയിലേക്ക് സജിക്ക് മടക്കത്തിന് സാധ്യത തെളിഞ്ഞത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ.