'കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല'; അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്ന് സജി ചെറിയാൻ
കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ. ഇല്ലെങ്കിൽ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ സജി ചെറിയാൻ പറഞ്ഞു. കെ സുധാകരൻ ഉടൻ ആർഎസ്എസിൽ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് . സുധാകരന്റെ പരാമർശങ്ങളിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളിൽ നിന്ന് ആർഎസ്എസ് ശാഖകൾക്ക് താൻ സംരക്ഷണം നൽകിയിട്ടുണ്ടെന്ന സുധാകരൻറെ പരാമർശം യുഡിഎഫിനുള്ളിൽ അതൃപ്തിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്‌റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം.
'ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ ജവഹർലാൽ നെഹ്‌റു മനസു കാണിച്ചു. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി കൊണ്ടാണ് നെഹ്‌റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു'കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം. സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപിക്ക് കോൺഗ്രസിന്റെ സംരക്ഷണം വേണ്ടെന്നും കോൺഗ്രസിന് സംരക്ഷണം വേണമെങ്കിൽ നൽകാമെന്നും സുരേന്ദ്രൻ പറഞ്ഞു.