കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം, വീട് വച്ചുനൽകാമെന്ന് പറഞ്ഞതാണ് ; വാക്കു മാറുന്ന പ്രശ്നമില്ല: മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂരിൽ വീടിന്റെ അടുപ്പുകല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ചതിനെ തുടർന്നു പ്രതിസന്ധിയിലായ തങ്കമ്മ എന്ന സ്ത്രീക്കു വീടു വച്ചുനൽകാൻ ഇപ്പോഴും തയാറാണെന്നു മന്ത്രി സജി ചെറിയാൻ. സ്ഥലം തരാൻ ആളുണ്ടെങ്കിൽ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാൻ തയാറാണെന്ന് മന്ത്രി വ്യക്തമാക്കി.
കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം എന്നാണ് കെ റെയിൽ വിരുദ്ധ സമിതിയുടെ ആവശ്യം. കല്ലിട്ടതിന് അപ്പുറത്തു സ്ഥലം കാണിച്ചുതന്നാൽ അതു വാങ്ങി വീടുവച്ചു നൽകാന്‍ തയാറാണ്. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണെന്നും വാക്കുമാറുന്ന പ്രശ്നമില്ലെന്നും മന്ത്രി വിശദീകരിച്ചു.
'മൂന്നു സെന്റ് സ്ഥലമാണു തങ്കമ്മയ്ക്കുള്ളത്. അവരുടെ വീടിനോടു ചേർന്നാണു കെ റെയിൽ കല്ലിട്ടത്. ആ കല്ലാണു യുഡിഎഫുകാർ വന്ന് ഊരിയത്. മന്ത്രിയെന്ന നിലയിൽ അവിടെ ചെന്നു കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അവരുടെ അനുവാദമില്ലാതെയാണു കല്ല് ഊരിയതെന്നാണ് അറിഞ്ഞത്. കല്ലിടുന്നതിൽ തടസ്സമില്ലെന്നു തങ്കമ്മ പറഞ്ഞിരുന്നു. തുടർന്ന് അവിടെ നിന്ന ആളുകളെല്ലാം ചേർന്നു കല്ല് പുനസ്ഥാപിച്ചു.'
'വീടു വയ്ക്കുന്ന കാര്യത്തെക്കുറിച്ച് അവർ പറഞ്ഞിരുന്നു. കല്ലിട്ടതിനാൽ മൂന്ന് സെന്റ് സ്ഥലത്തു വീടു വയ്ക്കാൻ പറ്റാത്തതിനാൽ അവരോട് അപേക്ഷ തരാൻ പറഞ്ഞു. തൊട്ടടുത്തു മൂന്നു സെന്റ് സ്ഥലം നോക്കാനും, അതു വാങ്ങി വീടുവച്ചു തരാൻ തയാറാണെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. അതിനുശേഷം തങ്കമ്മയെ ഇന്നുവരെ കണ്ടിട്ടില്ല. കെ റെയിൽ വിരുദ്ധ സമിതി തങ്കമ്മയെ കൂട്ടിക്കൊണ്ടുപോയി.'
'മൂന്നു സെന്റു സ്ഥലം തരാൻ ആരെങ്കിലും തയാറാണെങ്കിൽ വിലകൊടുത്തു വാങ്ങാൻ തയാറാണ.് 40 വീട് വച്ചു കഴിഞ്ഞു. 33 വീടിന്റെ താക്കോൽ കൊടുത്ത എംഎൽഎയാണു ഞാൻ. ഏഴു വീടിന്റെ നിർമാണ പ്രവർത്തനം നടക്കുകയാണ്. തങ്കമ്മ എന്ന പാവപ്പെട്ട സ്ത്രീക്ക് വീടു വച്ചുകൊടുക്കുന്നത് എന്നെ സംബന്ധിച്ച് അതിശയോക്തിപരമായ കാര്യമല്ല. അതിനുള്ള സംവിധാനം എന്റെ പാലിയേറ്റിവ് സൊസൈറ്റിക്കുണ്ട്.'
'സ്ഥലം തരാൻ ആളുണ്ടെങ്കിൽ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാൻ ഇപ്പോഴും തയാറാണ.് കെ റെയിൽ വിരുദ്ധ സമിതിയുടെ ആവശ്യം തങ്കമ്മയുടെ കല്ലിട്ട സ്ഥലത്തു വീടുപണിയുക എന്നതാണ്. അത് എനിക്ക് സാധിക്കുമോ? കല്ലിട്ടതിന് അപ്പുറത്ത് സ്ഥലം കാണിച്ചുതന്നാൽ അതുവാങ്ങി വീടുവച്ചുനൽകാന്‍ തയാറാണ്. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണ്. വാക്കു മാറുന്ന പ്രശ്നമില്ല.'– മന്ത്രി വിശദീകരിച്ചു.