മലയാള സിനിമാ, സീരിയൽ രംഗം പൂർണമായും സ്ത്രീ സൗഹൃദമാകും: സജി ചെറിയാൻ
കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാൻ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്‌സിൽ തുടക്കമിടുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംരംഭമായ സഖി - ഡോർമെറ്ററിയുടെ ഉദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലയിലെയും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്.
സ്ത്രീ സൗഹൃദ തൊഴിലിടത്തോടൊപ്പം ശാക്തീകരണവും സിനിമാരംഗത്ത് നടപ്പിലാക്കി വരികയാണ്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ധനസഹായത്തോടെ അഞ്ച് സിനിമകൾ ഇക്കാലയളവിൽ പ്രദർശനത്തിനെത്തി. സിനിമയിലെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ പരിശീലന പരിപാടികൾ വകുപ്പ് സംഘടിപ്പിക്കുന്നു. സിനിമ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനാവശ്യമായ ഒരു ചർച്ച വേദിയെന്ന നിലയിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മറിച്ചുള്ള വിവാദങ്ങൾക്കും ആശങ്കകൾക്കും അടിസ്ഥാനമില്ല.
സ്ത്രീ സൗഹൃദ താമസസ്ഥലങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് സഖി എന്ന പേരിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ഡോർമെറ്ററി സൗകര്യം ഒരുക്കുന്നത്. ഓൺലൈൻ ബുക്കിംഗ് സൗകര്യമടക്കം വനിതാ വികസന കോർപ്പറേഷൻ നിയന്ത്രിക്കും. ഈ മാതൃകയിൽ ചലച്ചിത്ര വികസന കോർപ്പറേഷന്റെ 15 തിയേറ്റർ സമുച്ചയങ്ങളിലും സ്ത്രീ സൗഹൃദ താമസ സൗകര്യങ്ങൾ ആരംഭിക്കാൻ കഴിയണം.
അന്യ സംസ്ഥാന ഭാഷാ സിനിമകൾക്കടക്കം ആവശ്യമായ സാങ്കേതിക സാഹചര്യങ്ങൾ കേരളത്തിൽ ഒരുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണവും കൊച്ചിയിലെ ആധുനിക സ്റ്റുഡിയോയും ഇതിന്റെ ഭാഗമാണ്. സിനിമ ടുറിസ്റ്റ് കേന്ദ്രമെന്ന രീതിയിൽ കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.