പിഷാരടി 'ജൈവ ബുദ്ധിജീവി'യല്ല; പിന്തുണയുമായി ശബരീനാഥന്‍
യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.
ശബരിനാഥന്‍ പറഞ്ഞത്: ''രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ''
ഇന്നലെ തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ് രമേശ് പിഷാരടി ഉന്നയിച്ചത്. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്‌സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറഞ്ഞു. ഞങ്ങള്‍ക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും പിഷാരടി പരിഹാസത്തോടെ പറഞ്ഞു.
രമേശ് പിഷാരടി പറഞ്ഞത്: ''ഒരിക്കല്‍ ഒരു വേദിയില്‍ മിമിക്രി അവതരിപ്പിക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, നോക്കിയപ്പോള്‍ ഇന്‍ഡിഗോയുടെ വിമാനമാണ്. അപ്പോള്‍ കൈകൊണ്ട് അത്ര പ്രത്യേകത ഒന്നും ഇല്ലാത്ത ആക്ഷന്‍ കാണിച്ച് ആള്‍ക്കാരെ സമാധാനപ്പെടുത്തി. എന്നിട്ട് നിങ്ങള്‍ എന്റെ മിമിക്രി കേള്‍ക്കണം ഒരു ട്രെയിന്റെ ശബ്ദമാണ് അനുകരിക്കാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ചിരി തുടങ്ങി. ഒര്‍ജിനല്‍ ട്രെയിന്‍ ആണെന്ന് പറഞ്ഞിട്ടും ആളുകള്‍ ചിരി നിര്‍ത്തുന്നില്ല. ഇപ്പോ ചിരിക്കണ്ട ഞാന്‍ ഒരു തമാശ പറയും അപ്പം ചിരിച്ചാ മതി. അപ്പം എന്ന് കേട്ട ഉടനെ വീണ്ടും ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഒന്നു പറയാന്‍ കഴിയണ്ടേ. അത്ര ടൈറ്റ് മത്സമാണ് ഈ രംഗത്ത്. ആരൊക്കെയാണ് തമാശകള്‍ കൊണ്ട് രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നതിന് കയ്യും കണക്കുമില്ല'.''