റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ
റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ. സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു.
ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായോടിയ റോബിൻ ബസിന് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി.
സമയം ഏഴര പാലാ എത്തുന്നതിന് തൊട്ട് മുമ്പ് രണ്ടാമത്തെ തടയൽ. ബസ് യാത്ര തുടർന്നു. തൊടുപുഴ പിന്നിട്ട് അങ്കമാലിയിൽ വച്ച് മൂന്നാമത്തെ തടയൽ അപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയർന്നു. പതിനൊന്നരയോടെ ബസ് ചാലക്കുടി പിന്നിട്ടു. പുതുക്കാട് എത്തിയപ്പോൾ വീണ്ടും എംവിഡി പരിശോധന നടത്തി. ഒരു മണിക്ക് പന്നിയങ്ക ടോൾ പ്ലാസയിൽ നാട്ടുകാരുടെ സ്വീകരണം. പീന്നീട് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായില്ല. ആകെ ഈടാക്കിയത് 37500. എന്നാൽ തമിഴ്‌നാട്ടിലേക്ക് കയറിയ റോബിൻ ബസിന് ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത് 70,410 രൂപ. നികുതിയായി 32000 രൂപയും പിഴയായി 32000 രൂപയും ഉൾപ്പടെയാണിത്. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദിമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്.
നിയമവിരുദ്ധ നീക്കംകൊണ്ടു സർവീസ് തടയാനാകില്ലെന്നും ഇന്നു സർവീസ് നടത്തുമെന്നും ഉടമ ബേബി ഗിരീഷ് പറഞ്ഞു. പുലർച്ചെ 5.05നു പത്തനംതിട്ടയിൽനിന്നു പുറപ്പെട്ട ബസ് രാത്രി എട്ടോടെയാണു കോയമ്പത്തൂർ ഉക്കടം സ്റ്റാൻഡിലെത്തിയത്.