'വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം'; സത്യഭാമയ്‌ക്കെതിരെ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ
കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്‌ക്കെതിരെ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു.
വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.
കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാൻറെയും കുടുംബത്തിൻറേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.