നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയും; ഭയമില്ല, ജോജുവിനോട് സഹതാപം മാത്രം: നിരൂപകൻ ആദർശ്
പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്യപ്പെടണമെന്ന് നിരൂപകൻ ആദർശ്. കുട്ടികൾ ഉൾപ്പെടെ കാണുന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് താൻ റിവ്യൂ എഴുതിയത്. സിനിമ മോശം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭയമില്ല, ജോജുവിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നുംആദർശ് മീഡിയവണിനോട് പറഞ്ഞു.
ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ജനങ്ങൾ തിരിച്ചറിയും. ചിത്രത്തിന്‍റെ ക്ലൈമാക്സൊക്കെ വളരെയധികം വയലന്‍സുള്ള ക്ലൈമാക്സാണ്. എട്ടും പത്തും വയസുള്ള കുട്ടികള്‍ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ട് ഏതെങ്കിലും രീതിയില്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചാല്‍ ജോജു ജോര്‍ജ് സമാധാനം പറയുമോ? അല്ലെങ്കില്‍ ഇവിടുത്തെ സെന്‍സര്‍ ബോര്‍ഡ് സമാധാനം പറയുമോ? അങ്ങനെയുള്ളവര്‍ക്ക് ഒരു ട്രിഗറിംഗ് ഉണ്ടാവരുതെന്ന് മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ അത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. അല്ലാതെ ആ സിനിമയെ ഏതെങ്കിലും രീതിയില്‍ ഡീഗ്രേഡ് ചെയ്യണമെന്ന് കരുതിയിട്ടില്ല.
വാട്ട്സാപ്പ് ഗ്രൂപ്പുകളിലൊന്നും പണിയെക്കുറിച്ചുള്ള റിവ്യൂ പങ്കുവച്ചിട്ടില്ല. ആകെ നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രമാണ് ഷെയര്‍ ചെയ്തത്. റിവ്യൂ ബോംബിങ് എന്താണെന്ന് അറിയാത്തതിന്‍റെ പ്രശ്നമാണ്. റിവ്യൂ ബോബിങ് എന്നാല്‍ ഒരു സിനിമയെ തകര്‍ക്കാന്‍ ആ സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോ ആ ചിത്രം എന്താണെന്നതിനെ മറച്ചുവച്ചോ ഫേക്കായി ഒരു നരേറ്റീവ് സൃഷ്ടിച്ചുകൊണ്ട് വളരെ മാസ്സായി ഒരു നീക്കം നടത്തുന്നതാണ്. എന്‍റെ പോസ്റ്റിന് ആകെ കിട്ടിയത് 200 ലൈക്കാണ്. ആ 200 ലൈക്ക് വച്ചിട്ട് ഞാനിവിടെ എന്ത് റിവ്യൂ ബോംബിങ് നടത്താനാണ്.
ഞാന്‍ കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതാറുണ്ട്. ഒരു ഗവേഷക വിദ്യാര്‍ഥിയാണ് ഞാന്‍. അശ്വന്ത് കോക്കിനെപ്പോലെ ഫോളോവേഴ്സുള്ള ആളല്ല. സിനിമ നല്ലതാണെന്ന ഒരു പെയ്ഡ് പ്രമോഷന്‍ ഉണ്ടാക്കിവച്ചിട്ട് തിയറ്ററില്‍ പോയി കാണുമ്പോള്‍ ട്രിഗറിംഗ് അനുഭവിക്കേണ്ടി വരുന്ന മനുഷ്യന് നാളെ ഉപഭോക്തൃ കോടതിയില്‍ പോയി പരാതി കൊടുക്കാന്‍ പറ്റുമോ? സത്യം പറഞ്ഞാല്‍ ഒരു ബ്രാന്‍ഡിനെ ഒരു സിനിമയെ ഇല്ലാത്തതാണെന്ന് പറഞ്ഞ് ചിത്രീകരിക്കുന്നത് ഇദ്ദേഹമാണ്. ഞാന്‍ എനിക്ക് തോന്നിയ കാര്യം വളരെ ചെറിയൊരു ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതിന് ഇത്ര പ്രകോപിതനാകണ്ട കാര്യമില്ല. താന്‍ വസ്തുതകള്‍ മാത്രമാണ് ഷെയര്‍ ചെയ്തതെന്നും ആദര്‍ശ് പറഞ്ഞു.
ജോജു ജോര്‍ജിനെ അത്രക്ക് സപ്പോര്‍ട്ട് ചെയ്യുന്നവര്‍ അവരുടെ കുട്ടികളെയും കൊണ്ടുവന്ന് സിനിമ കാണട്ടെ. കുട്ടികളുടെ കണ്ണ് പൊത്തിയിട്ടല്ലാതെ ആ സിനിമ കാണാന്‍ സാധിക്കില്ല. ആ സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റ് കൊടുത്തതു തന്നെ ചര്‍ച്ച ചെയ്യപ്പെടണം. ജോജുവുമായി എനിക്ക് വ്യക്തിപരമായ ഒരു പ്രശ്നവുമില്ല. ആ സിനിമ കണ്ടു അഭിപ്രായം പറഞ്ഞു എന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ..അതിനാണ് ഇത്ര രോഷാകുലനായത്. ബേസിക്കലി അദ്ദേഹത്തിന്‍റെ അസഹിഷ്ണുതയാണ്. രണ്ടാമത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം.
പിന്നെ ഇതൊരു തരത്തില്‍ ഒരു ഒളിച്ചോട്ടമാണ്. ഒരു സിനിമ വേണ്ട വിധത്തില്‍ വര്‍ക്കൗട്ടായില്ലെങ്കില്‍ അതിനെതിരെ വിമര്‍ശനങ്ങള്‍ ആരെങ്കിലും കൃത്യമായി ഉന്നയിക്കുകയാണെങ്കില്‍ വിമര്‍ശിക്കുന്നയാളെ ടാര്‍ഗറ്റ് ചെയ്തുകഴിഞ്ഞാല്‍ വിമര്‍ശനം ഇല്ലാതാകും എന്നൊരു ധൈര്യത്തിലാണ് പറയുന്നത്. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ഏത് കാലത്താണെങ്കിലും പറയും. നല്ല സിനിമകള്‍ മാത്രമേ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുകയുള്ളൂ. അത് നമ്മളും കാണുന്നതാണ്. പണവും അധികാരവും ഉപയോഗിച്ച് ജോജുവിന് ഇതു മറച്ചുവയ്ക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ എത്ര കാലം. ..ആദര്‍ശ് ചോദിച്ചു.