പൂരം അന്വേഷണ റിപ്പോര്‍ട്ട് പരിഹാസ്യം, ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടൽ ഇല്ലെന്ന് കണ്ടെത്തി; രമേശ് ചെന്നിത്തല
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ കാണുന്നത് എന്ന് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകി. ഇതിനപ്പുറം ഒരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല.1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൻറെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം.
താനുള്ളപ്പോൾ പൂരം കലക്കാൻ പുറത്തുനിന്ന് ഒരാളുടെ ആവശ്യമില്ല എന്നാണോ എഡിജിപി ഉദേശിച്ചത് എന്നതും വ്യക്തമല്ല. പക്ഷേ പൂരം കലക്കിയ ഒരാളെയും ഞങ്ങൾ വെറുതെ വിടില്ല. കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂർ പൂരം.കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശ്ശൂരിലെ ബിജെപി വിജയം. അതിനായി പൂരം കലക്കൽ അടക്കമുള്ള കുൽസിത പ്രവർത്തികളാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കരുവന്നൂർ ബാങ്കിലെ അന്വേഷണം ഏതാണ്ട് അവസാനിച്ചു.പ്രമുഖ നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റ് ഉടൻ ഉണ്ടാകും എന്നുള്ള ബഹളങ്ങളും എല്ലാം അവസാനിച്ചു.തൃശ്ശൂർ പൂരം കലക്കലും കരുവന്നൂർ ബാങ്ക് അന്വേഷണവുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.