ഗവർണർക്കെതിരെ സംസ്‌കൃത കോളേജിലെ പോസ്റ്റർ; വിശദീകരണം തേടാൻ രാജ്ഭവൻ, അഴിച്ചുമാറ്റി എസ്എഫ്ഐ
ഗവർണർ - സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്‌കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്‌കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദ്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. എസ്എഫ്‌ഐയുടെ പേരിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കി.
ദിവസങ്ങൾക്കു മുൻപാണ് കോളജിന്റെ മുൻഭാഗത്തെ ഗേറ്റിനു മുകളിലായി ബാനർ സ്ഥാപിച്ചത്. 'ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ' എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. ബാനർ ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടർന്നാണ് വിസി റജിസ്ട്രാർ വഴി പ്രിൻസിപ്പലിനോട് വിശദീകരണം തേടിയത്. പിന്നാലെ എസ്എഫ്‌ഐ നേതൃത്വം ബാനർ നീക്കാൻ യൂണിറ്റ് ഭാരവാഹികൾക്ക് നിർദേശം നൽകി.