സിപിഎം-ബിജെപി മുന്നണിക്കെതിരായ വോട്ടാണ് എനിക്ക് കിട്ടാൻ പോകുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ
സി.പി.എം.-ബി.ജെ.പി. മുന്നണിക്കെതിരായ വോട്ടാണ് തനിക്ക് കിട്ടാൻപോകുന്നതെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ പേരിൽ മാത്രമാണ് അപരന്മാരുള്ളത്. ഇവരെ നിർത്തിയിരിക്കുന്നത് സ്വാഭാവികമായും സി.പി.എമ്മും ബി.ജെ.പി.യുമാണ്.
സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥികൾക്ക് അപരൻ ഇല്ലാത്തത് ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചശേഷമാണ് രാഹുൽ കോട്ടയത്തെത്തിയത്.
ബി.ജെ.പി. പിന്തുണ തേടിയുള്ള സി.പി.എമ്മിന്റെ കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറയ്ക്കാൻവേണ്ടിയാണ് പാലക്കാട് ഡി.സി.സി.യുടെ സ്ഥാനാർഥിത്വം സംബന്ധിച്ച കത്ത് പുറത്തുവന്നത്. തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടതുൾപ്പെടെ നാല് കത്തുകളാണ് ഡി.സി.സി. നേതൃത്വം നൽകിയത്.
കത്തിൽ തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കത്തിൽ ഒപ്പിട്ട ആരും സ്ഥാനാർഥി മോശമാണെന്ന് പറഞ്ഞിട്ടില്ല. സി.പി.എമ്മിൽ ചർച്ചചെയ്ത പേരാണോ ഒടുവിൽവന്നത്. സന്ദർശനത്തിന് അനുമതി നിഷേധിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ തന്നോട് പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.