രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി ; ജയിലിന് മുന്നിൽ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.
രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.
ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.