കമ്മിഷനുകൾ വേട്ടയാടുന്നു; ഹണി റോസിനോട് പെറ്റമ്മനയമെന്ന് രാഹുൽ ഈശ്വർ
അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുകയാണെന്ന് രാഹുൽ ഈശ്വർ. തന്നെ കേൾക്കാൻ അവർ തയ്യാറായില്ല. ജനുവരി 30 മുതൽ പുരുഷ കമ്മിഷന് വേണ്ടി ക്യാമ്പയിൻ ആരംഭിക്കുമെന്നും രാഹുൽ തിരുവനന്തപുരത്ത് പറഞ്ഞു.
ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മനയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മനയവും. ഭരണഘടന പദവികളായ വനിതാ കമ്മിഷനും യുവജന കമ്മിഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നു. തൻ്റെ വാദങ്ങളോ മറുപടികളോ അവർ കേട്ടിട്ടില്ല.
തനിക്കെതിരെ യുവജന കമ്മിഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവജന കമ്മിഷൻ കേസെടുത്തു. തൻ്റെ ഭാഗം കേൾക്കാൻ അവർ തയ്യാറായില്ല. പുരുഷ കമ്മിഷൻ വേണം. ജനുവരി 30 മുതൽ പുരുഷ കമ്മിഷന് വേണ്ടിയുള്ള കാമ്പയിൻ ആരംഭിക്കും.Rahul Eshwar alleges harassment by Women & Youth Commissions
ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് രാഹുൽ ഈശ്വർ പ്രതീക്ഷിക്കേണ്ടത്. പുരുഷ കമ്മിഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് എം.എൽ.എ.മാരെ കാണും. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തി. ജനുവരി 21ന് നിവേദനം നൽകും. സുപ്രീംകോടതിയിൽ നൽകിയ മാതൃകയിൽ ആയിരിക്കും നിവേദനം.
നിയമസഭയിൽ പ്രൈവറ്റ് ബില്ല് കൊണ്ടുവരുമെന്ന ഉറപ്പ് എൽദോസ് കുന്നപ്പള്ളിയിൽ നിന്ന് ലഭിച്ചു. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. അതിനൊരു അവസാനം വേണം. പരാതി കൊടുക്കുന്നവർ ആരും അതിജീവിതർ അല്ല. അവർ പരാതിക്കാരാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.