കല്യാണവേദിയിലും പിണക്കം; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും
വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്.
രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി.
സമീപമുണ്ടായിരുന്ന എ വി ഗോപിനാഥിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ചേർത്ത് പിടിക്കുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. ബിജെപി കൗൺസിലർ നടേശന്റെ മകളുടെ വിവാഹ വേദിയിലാണ് പിണക്കം മറനീക്കിയത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു സംഭവത്തിന് പിന്നാലെ സരിന്റെ പ്രതികരണം.
എന്നാൽ പി സരിന് കൈ കൊടുക്കാൻ പ്രയാസമുണ്ടെന്നും ചാനലുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ചു വാർത്തയാക്കിയിട്ട് കാര്യമില്ലെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സരിൻ പ്രവർത്തകരെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നയാളാണ്. തനിക്ക് കപട മുഖമില്ലെന്നും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആത്മാർത്ഥമായിട്ടായിരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി.