സർക്കാരിനെ മാനക്കേടിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കൽ സെക്രട്ടറിക്കാണ്, വേറെ അജണ്ടയുണ്ടോയെന്ന് പരിശോധിക്കണം; പി.വി.അൻവർ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വിമര്‍ശനവുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവർ രംഗത്ത്. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിൽ ആക്കിയതിന്റെ ഉത്തരവാദി പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം പരാജയമാണ്. അല്ലെങ്കിൽ വേറെന്തെങ്കിലും അജൻഡയുണ്ട്. പാർട്ടി നേതാക്കളിൽനിന്നും ജനപ്രതിനിധികളിൽനിന്നും മുഖ്യമന്ത്രിയെ പൊളിറ്റിക്കൽ സെക്രട്ടറി അകറ്റുകയാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
‘ എന്റെ അറിവിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല. ഈ സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും ഈയൊരവസ്ഥയിൽ, പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അത് അടുത്ത ദിവസങ്ങളിൽ കാണാം. പ്രതിസന്ധി വന്നതിനാലാണ് ഈ കോലത്തിൽ ആകുന്നത്. ഇത് പ്രതിസന്ധിയല്ല, സമൂഹത്തിൽ മാനക്കേടിലേക്ക് സർക്കാരിനെ എത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കൽ സെക്രട്ടറിക്കാണ്.
ഇതിലും വലിയ പ്രതിസന്ധികൾ സർക്കാർ മറികടന്നിട്ടുണ്ട്. ഇതൊരു മാനക്കേട്, ചീഞ്ഞ കേസായി പോയി. ഇങ്ങനെയൊരു മാനക്കേട് സർക്കാരിനു വരാതിരിക്കാൻ കാവലാളായി പ്രവർത്തിക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറിയുള്ളത്. ആ ഉത്തരവാദിത്തം അദ്ദേഹം നിർവഹിച്ചിട്ടില്ല. അതിൽ അദ്ദേഹം പരാജയമാണ്. അല്ലെങ്കിൽ അദ്ദേഹത്തിന് വേറെന്തെങ്കിലും അജണ്ടയുണ്ട്. അദ്ദേഹം കഴിവില്ലാത്ത വ്യക്തിയല്ല. അദ്ദേഹത്തിന്റെ കഴിവും ശേഷിയും കാഴ്ചപ്പാടും കണക്കിലെടുത്താണ് പാർട്ടി ഈ സ്ഥാനത്ത് ഇരുത്തിയത്. അങ്ങനെ ഒരാൾക്ക് ഈ വീഴ്ച പറ്റുമോ? അവിടെയാണ് അദ്ദേഹത്തിന് വേറെ അജൻഡ ഉണ്ടോ എന്ന് പരിശോധിക്കേണ്ടി വരുന്നത് ’’–പി.വി.അൻവർ പറഞ്ഞു.
‘‘ ഞാൻ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല. പാർട്ടി നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണാനെത്തുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി കടത്തി വിടാറില്ല. അത് ഞാൻ പറഞ്ഞോളാം, മുഖ്യമന്ത്രി തിരക്കിലാണെന്ന് പറയും. മുഖ്യമന്ത്രിയും പൊതുസമൂഹവും പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന് മറയായിട്ടാണ് പി.ശശി നിന്നിട്ടുള്ളത്. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല. താഴേക്കിടയിൽനിന്ന് പാർട്ടിക്കും മുഖ്യമന്ത്രിക്കും വിവരം കിട്ടില്ലേ? അതുണ്ടായിട്ടില്ല. പി.ശശിയുടെ അടുത്ത് ഞാൻ 8 മാസമായി കാണാന്‍ പോയിട്ടില്ല ’’–പി.വി.അൻവർ പറഞ്ഞു.