പുതുപ്പള്ളിയിൽ ഇതുവരെ 35 % പോളിംഗ്; ബൂത്തുകളിൽ തിരക്ക്
പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. 12 മണിയോടെ പോളിംഗ് ശതമാനം മുപ്പത്തിയഞ്ച് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾതന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ജയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് യു.പി. സ്‌കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജോർജിയൻ പബ്ലിക് സ്‌കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്.
വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടർമാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണൽ. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളുമടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.